സാറേ ഞങ്ങളെ പഠിപ്പ് മുടക്കല്ലേ...
text_fieldsനെല്ലിയാമ്പതി: കാരപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പ് മുടക്കിയതോടെ വെട്ടിലായത് നൂറടി പോളച്ചിറ സ്കൂളിലെ ഇരുപതോളം കുട്ടികൾ. രാവിലെ ഒമ്പതിന് കാരപ്പാറയിൽനിന്ന് നെല്ലിയാമ്പതിയിലേക്ക് ബസ് ട്രിപ്പെടുക്കുമെങ്കിലും വൈകീട്ട് നാലിന് കാരപ്പാറയിലേക്കുള്ള ട്രിപ്പ് ഒരുമാസം മുമ്പ് പൊടുന്നനെ നിർത്തുകയായിരുന്നു. ഇതോടെ ഈ ബസിൽ രാവിലെ സ്കൂളിലെത്തിയ കുട്ടികൾക്ക് 13 കിലോമീറ്റർ നടന്ന് വീട്ടിലെത്തേണ്ട സ്ഥിതിയായി. ഇതുസംബന്ധിച്ച് നാട്ടുകാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അന്വേഷിച്ചപ്പോൾ ലാഭകരമല്ലാത്തതിനാൽ ട്രിപ്പ് നിർത്തുകയാണെന്ന് മറുപടിയാണ് കിട്ടിയത്. എന്നാൽ കുട്ടികളുടെ യാത്രാദുരിതം നീക്കണമെന്ന ആവശ്യവുമായി വകുപ്പുമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.

