കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsഎം.സി റോഡിലെ കുറ്റൂർ ജങ്ഷന് സമീപം അപകടത്തിൽ തകർന്ന കാർ
തിരുവല്ല : എം.സി റോഡിലെ കുറ്റൂർ ജങ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കിളിമാനൂർ ചാങ്ങിക്കുന്ന് വി.എസ് ഭവനിൽ സ്വദേശികളായ ജ്യോതി കുമാർ ഭാര്യ എം.വി സുമി എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റൂർ ഹൈസ്കൂളിന് മുൻവശത്തായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജ്യോതികുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് എതിർ ദിശയിൽനിന്ന് വന്ന ചരക്ക്ലോറിയിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് തിരുവല്ല പൊലീസ് എത്തിയാണ് പരിഹരിച്ചത്. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേന എത്തി റോഡ് കഴുകി വൃത്തിയാക്കി.

