അഴകോടെ ഒഴുകുന്നു അഞ്ചാനിൽ വെള്ളച്ചാട്ടം
text_fieldsഅഞ്ചാനിൽ വെള്ളച്ചാട്ടം
മല്ലപ്പള്ളി: സഞ്ചാരികൾക്ക് ആകർഷണമായി എഴുമറ്റൂർ പഞ്ചായത്തിലെ അഞ്ചാനിൽ വെള്ളച്ചാട്ടം. 70 അടി ഉയരത്തിൽനിന്നാണ് ജലം പതിക്കുന്നത്. തട്ടുതട്ടുകളായ പാറക്കെട്ടിലൂടെ നുരഞ്ഞൊഴുകുന്ന കാഴ്ച അതിമനോഹരമാണ്.
കാരമലയിൽനിന്നും ആടിവാരങ്ങളിൽനിന്നും ഉത്ഭവിക്കുന്ന ചാലുകൾ സംയോജിച്ചാതാണ് ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെയുള്ള കയറിയിറക്കം അപകടം നിറഞ്ഞതാണ്. അലക്ഷ്യമായ കാൽവെപ്പുകൾ അഗാധഗർത്തങ്ങളിൽ പാറക്കൂട്ടങ്ങളിലേക്ക് പതിക്കാനും ഇടയാക്കും. വർഷത്തിൽ ആറുമാസം വരെ നീളും നീർച്ചാലുകളിലൂടെയുള്ള ഈ തെളിനീർ പ്രവാഹം. ഇവിടെനിന്ന് ഒഴുകുന്ന വെള്ളം വാളക്കുഴിത്തോട്ടിലാണ് പതിക്കുന്നത്. അവിടെനിന്ന് ഒഴുകി കോമളത്തിന് സമീപം മണിമലയാറ്റിൽ ലയിക്കും.
വാലാങ്കര-അയിരൂർ റോഡിൽ ശാന്തിപുരത്തുനിന്ന് കാരമല പാതയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ സ്ഥലത്തെത്താം. മഴക്കാലമായതോടെ അരുവികളും നീർച്ചാലുകളും ജലസമൃദ്ധമായി.

