കപ്പൽ ജോലിക്കാരനെ കാണാതായെന്ന് പരാതി
text_fieldsപ്രജിത്ത്
മാനന്തവാടി: വാളാട് സ്വദേശിയായ കപ്പൽ ജീവനക്കാരനെ കപ്പലിൽനിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി. വാളാട് നരിക്കുഴിയില്‍ ഷാജിയുടെയും ഷീജയുടെയും മകന് എന്‍.എസ്.പ്രജിത്തിനെ (28) കാണാതായ പരാതിയിൽ തലപ്പുഴ പൊലീസ് കേസെടുത്തു. ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ വിശ്വ ഏകത കപ്പലിലെ പരിശീലന ഉദ്യോഗസ്ഥനായ പ്രജിത്തിനെ വെള്ളിയാഴ്ച മുതലാണ് കപ്പലിൽ നിന്നും കാണാതായത്. വിശാഖപട്ടണത്ത് നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ചരക്കുമായി വിശാഖപട്ടണത്തു നിന്നും യാത്ര തിരിച്ചത്. അന്നാണ് പ്രജിത്ത് അവസാനമായി വീട്ടിലേക്ക് വിളിച്ചതും. വെളളിയാഴ്ച അമ്മക്ക് ഫോണില്‍ സന്ദേശമയക്കുകയും ചെയ്തിരുന്നു. തീരത്തെത്താന്‍ കുറച്ച് ദിവസം കൂടിയെടുക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്ച കപ്പല്‍ കമ്പനി ജീവനക്കാരാണ് പ്രജിത്തിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെ ജീവനക്കാരുടെ ഹാജർ എടുക്കുമ്പോള്‍ പ്രജിത്തിനെ കാണാനില്ലെന്നും വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ പോയതായിരുന്നുവെന്നുമാണ് കപ്പല്‍ ജീവനക്കാര്‍ നല്കിയ വിശദീകരണം. കപ്പല്‍ തിരിച്ചുപോയി തിരച്ചില്‍ നടത്തിയെന്നും തിരച്ചില്‍ തുടരുമെന്നും അറിയിച്ചിരുന്നു. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങളും വീട്ടുകാര്‍ക്ക് ലഭ്യമായിട്ടില്ല. എന്‍ജിനീയറിങ് ബിരുദധാരിയാണ് പ്രജിത്ത്. സെപ്റ്റംബര്‍ 13 നാണ് കപ്പിലിലെ ജോലിക്കായി പ്രജിത്ത് പോയത്. തുടര്‍ന്ന് ഒരുമാസത്തോളം വിശാഖപട്ടണത്ത് തന്നെയായിരുന്നുവെന്ന് സഹോദരൻ പ്രവീൺ പറഞ്ഞു.

