ഫാഷിസ്റ്റ് ഭരണകൂടം അധികാരമൊഴിഞ്ഞത് ഗുണം ചെയ്തു -മഅ്ദനിയുടെ മകൻ
text_fieldsനെടുമ്പാശ്ശേരി: കർണാടകയിലെ ഫാഷിസ്റ്റ് ഭരണകൂടം അധികാരമൊഴിഞ്ഞതാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവിന് വഴിയൊരുക്കിയതെന്ന് മകൻ സലാഹുദ്ദീൻ അയ്യൂബി. മഅ്ദനിക്ക് കേരളത്തിലെത്താൻ ഫാഷിസ്റ്റുകളല്ലാത്ത ഒട്ടേറെ വ്യക്തിത്വങ്ങൾ സഹകരണം നൽകിയിട്ടുണ്ട്. ഇവരിൽ കോൺഗ്രസ് നേതാക്കളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സലാഹുദ്ദീൻ അയ്യൂബി.
കേരളത്തിലേക്കുള്ള വരവിന്റെ ചെലവ് പൂർണമായി മഅ്ദനി തന്നെയാണ് വഹിക്കുന്നത്. മഅ്ദനിയെ ഫാഷിസ്റ്റ് ഭരണകൂടം പീഡിപ്പിക്കുന്നതിനെ ജനാധിപത്യപരമായും നിയമപരമായും നേരിടും. താനിപ്പോൾ പി.ഡി.പിയുടെ വിദ്യാർഥി വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണ്. കാലം ആവശ്യപ്പെടുന്ന രീതിയിൽ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ മുൻനിരയിലുണ്ടാകുമെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.

