നടന്നുപോകവെ വയോധികൻ എക്സ്കവേറ്റർ തട്ടി മരിച്ചു
text_fieldsഅങ്കമാലി: റോഡിലൂടെ നടന്നുപോകുകയായിരുന്ന ഗൃഹനാഥൻ പിന്നിലൂടെ വന്ന എക്സ്കവേറ്റർ തട്ടി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി തയ്യപ്പുര വീട്ടിൽ സഹദേവനാണ് (70) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മേക്കാട് - പൊയ്ക്കാട്ടുശ്ശേരി റോഡിൽ കാരക്കാട്ടുകുന്ന് സിയോൺ ഹാളിന് പടിഞ്ഞാറ് ഭാഗത്തുള്ള കപ്പോളക്ക് സമീപത്തായിരുന്നു അപകടം.
സഹദേവൻ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ പിന്നിലൂടെ വന്ന ഭീമൻ എക്സ്കവേറ്റർ തലയിൽ തട്ടുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് അവശനിലയിലായ സഹദേവനെ ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ എക്സ്കവേറ്റർ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.
ഭാര്യ: കടുങ്ങല്ലൂർ നെയ്തുരുത്തിൽ കുടുംബാംഗം ഗിരിജ. മക്കൾ: ദീപു, നീതു. സംസ്കാരം ശനിയാഴ്ച ഉച്ച രണ്ടിന് വീട്ടുവളപ്പിൽ.

