ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsകാസർകോട്: ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്.
നേരത്തെ ചികിത്സ വേളയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഴാം മൈലിൽ ഓട്ടോ ഡ്രൈവറായിരുന്നു. രണ്ടാഴ്ചയായി വെൻറിലേറ്ററിൻെറ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
മെയ് 19ന് ചക്ക തലയിൽ വീണ് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റോബിൻ തോമസിന് കോവിഡ് സ്ഥിരീകരിച്ചത് വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് പ്രോട്ടോക്കോളിൻെറ ഭാഗമായി നടത്തിയ പരിശോധനയിലാണ് മെയ് 23ന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവായി.
ഭാര്യ: അൽഫോൻസ. നാലാം ക്ലാസ് വിദ്യാർഥിനി റിയ, യു.കെ.ജി വിദ്യാർഥി റോൺ എന്നിവരാണ് മക്കൾ. പിതാവ് പരേതനായ കോട്ടൂർ തോമസ്. മാതാവ് റോസമ്മ.

