നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു; ഹെൽമറ്റ് പൊട്ടിച്ചിതറി തലക്ക് ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
text_fieldsസജീവ്
കല്ലമ്പലം: റോഡിലെ വളവിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന പിക്-അപ് ലോറിയുടെ പിറകിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാരിപ്പള്ളി പാമ്പുറം കൃഷ്ണകൃപയിൽ പരേതനായ ശിവദാസെൻറ മകൻ എസ്. സജീവ് (47) ആണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന കോലായിൽ സി.എസ്.ഐ ജങ്ഷന് സമീപം ശ്രീകുമാർ സദനത്തിൽ കുമാർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രി 10.30ന് പാരിപ്പള്ളി പാമ്പുറം റോഡിൽ ഗുരുമന്ദിരത്തിന് മുന്നിലായിരുന്നു അപകടം. കുളമടയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കട അടച്ചശേഷം ഇരുവരും വീട്ടിലേക്ക് പോവുകയായിരുന്നു. വളവിൽ പ്രതീക്ഷിക്കാത്ത സ്ഥലത്ത് അനധികൃതമായി പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് പൊട്ടിച്ചിതറുകയും തലക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും അരമണിക്കൂറോളം റോഡിൽ കിടന്നു.
പിന്നീട് അതുവഴിവന്ന യാത്രക്കാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ 2 പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിട്ടു. മെഡിക്കൽ കോളജിൽ വെച്ചാണ് സജീവ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്ത് റിഫ്ലക്ടർ ലൈറ്റ് ഉണ്ടായിരുന്നില്ലെന്നും സ്ഥലത്ത് തെരുവുവിളക്കുകൾ കത്തിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സി.എസ്. ബിനി. മക്കൾ: അനന്ദു, അഭിരാമി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.

