പട്ടാമ്പിയിലും അതിഥിതൊഴിലാളികൾ തെരുവിലിറങ്ങി
text_fieldsപട്ടാമ്പി: നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് പട്ടാമ്പിയിലും അതിഥിതൊഴിലാളികൾ തെരുവിലിറങ്ങി. ഞായറാഴ്ച രാവിലെ 11ഒ ാടെ പള്ളിപ്പുറം റോഡിൽ നാനൂറോളം തൊഴിലാളികൾ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ കെ.ആർ. പ്രസന്നകുമാർ എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു.
ഭക്ഷണത്തെപ്പറ്റിയുള്ള പരാതിയാണ് ആദ്യമുന്നയിച്ചത്. ഞായറാഴ്ച രാത്രി തൊഴിൽ വകുപ്പ് ഭക്ഷണമെത്തിക്കുമെന്നും തിങ്കളാഴ്ച സ്വയം പാചകം ചെയ്യാനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
തുടർന്ന്, നാട്ടിൽ പോകാൻ വാഹനമേർപ്പാടാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തി ക്യാമ്പിലേക്ക് തിരിച്ചയച്ചു. പിന്നീട് സബ് കലക്ടർ വിവിധ തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
