തെളിവുകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം -എം.എം. ഹസന്
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിന് ജോലി നല്‍കണമെന്ന് ശിവശങ്കറിനോട് മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് വിശ്വാസമുണ്ടെങ്കില്‍ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ സുപ്രീംകോടതിയില്‍ സര്‍ക്കാർ ചെലവില്‍ എതിര്‍ത്തത്? ഷുഹൈബ് വധത്തിലെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഷുഹൈബിന്റെ പിതാവിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നതെന്തിനാണെന്നും ഹസന് ചോദിച്ചു.
ആകാശ് തില്ലങ്കേരിക്ക് ആരാണ് ക്വട്ടേഷന്‍ നൽകിയതെന്ന് വ്യക്തമായി. സ്വപ്നയുടെയും ആകാശ് തില്ലങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതിരോധ യാത്ര നടത്തുന്നതെന്നും ഹസന് പരിഹസിച്ചു.

