ഓൺലൈൻ ക്ലാസിനിടെ മദ്യപിച്ചെത്തിയ പിതാവ് മർദിച്ചു; ഫോൺ തകർത്തു
text_fieldsമൂവാറ്റുപുഴ: മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെയും അമ്മെയയും മദ്യപിച്ചെത്തിയ പിതാവ് മർദിച്ച് അവശയാക്കിയ ശേഷം ഫോൺ തകർത്തു. മൂവാറ്റുപുഴ മാറാടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
അമ്മ ഫോണിൽ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു മദ്യലഹരിയിലെത്തിയ പിതാവ് മർദിച്ചത്. വിദ്യാർഥിനി അമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. മകളുടെ ക്ലാസ് കാണാൻ കൗതുകത്തോടെ അമ്മയും ഒപ്പം കൂടി. ഇതിനിടെയായിരുന്നു പിതാവിെൻറ വരവ്.
ഫോണിൽ നോക്കിയിരിക്കുകയായിരുന്ന ഭാര്യയെയും മകളെയും കണ്ട് കലിതുള്ളിയ ഇയാൾ ഫോൺ വാങ്ങി തല്ലിപ്പൊളിച്ച ശേഷം ഇരുവരെയും മർദിക്കുകയായിരുന്നു. മകൾ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മദ്യലഹരിയിൽ ഇയാൾ ഇതൊന്നും ശ്രദ്ധിച്ചില്ല. ഭാര്യയുടെ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
