ബസിനെ മറികടക്കവെ എതിരെ വന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
text_fieldsപെരിന്തൽമണ്ണ: നിർത്തിയിട്ട ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പട്ടിക ്കാട് പറമ്പൂർ പള്ളിപ്പറമ്പിലെ പറമ്പൂർ വീട്ടിൽ അയ്യപ്പെൻറ മകൻ രതീഷാണ് (25) മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഒാടെ പെരിന്തൽമണ്ണ-പട്ടിക്കാട് റോഡിൽ പൂപ്പലം ബസ് സ്റ്റോപ്പിന് മുന്നിലാണ് അപകടം.
യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ട ബസിനെ മറികടക്കവെയാണ് ബൈക്ക് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപെട്ട രതീഷ് തൽക്ഷണം മരിച്ചു. ബൈക്ക് ഒാടിച്ചിരുന്ന സുഹൃത്ത് മുർഷിദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പെരിന്തൽമണ്ണ ഊട്ടി റോഡിലെ സ്ഥാപനത്തിൽ സെയിൽസ്മാനായ രതീഷ് രാവിലെ ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകീട്ട് 6.30ഓടെ സംസ്കരിച്ചു. മാതാവ് രമണി. സഹോദരങ്ങൾ: രമേശ്, സനില.
