പെരിയ ഇരട്ടകൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
text_fieldsകൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി. കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒമ്പതു മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവരുടെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ തള്ളിയത്.
കുറ്റപത്രം കോടതിയിൽ നൽകിയതായും പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. 2019 ഫെബ്രുവരി 17നാണ് പ്രതികളുൾപ്പെട്ട സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയത്.
സി.പി.എം ലോക്കൽ കമ്മിറ്റി ഭാരവാഹിയായ ഒന്നാം പ്രതി പീതാംബരനെ ആക്രമിച്ചതിന് പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
