ഗൂഢാലോചന പ്രാദേശിക തലത്തിൽ
text_fieldsകൃപേഷ്, ശരത് ലാൽ
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ഗൂഢാലോചന നടന്നത് പ്രാദേശിക തലത്തിൽ തന്നെയെന്നാണ് കോടതി വിധിയിൽ വ്യക്തമാകുന്നത്. ഉന്നത ഗൂഢാലോചനയെന്ന കോൺഗ്രസ് വാദം വിധി ശരിവെക്കുന്നില്ല. പ്രോസിക്യൂഷനും ആ തലത്തിലേക്ക് നീങ്ങിയില്ല.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ തന്നെയാണ് കൊലയും ആസൂത്രണംചെയ്തത് എന്നാണ് കുറ്റാരോപണത്തിൽനിന്ന് വ്യക്തമാകുന്നത്. ഉന്നത നേതാക്കളായ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനും ഏരിയ സെക്രട്ടറിയായിരുന്ന മണികണ്ഠനും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയത് പ്രതികളെ രക്ഷപ്പെടുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനും കുറ്റംമറച്ചുവെച്ചതിനും മറ്റുമാണ്. ഇത് സംഭവിക്കുന്നത് കൃത്യത്തിനു ശേഷമാണ്. കല്യോട്ട് ഒതുങ്ങിനിന്ന പ്രാദേശിക പ്രശ്നങ്ങളാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചത്.
പ്രതികളായ പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽ കുമാർ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, പ്രദീപ്, സുരേന്ദ്രൻ, ശാസ്ത മധു, റജി വർഗീസ്, ഹരിപ്രസാദ്, രാജേഷ് എന്നിവർ 2019 ഫെബ്രുവരി 14ന് പെരിയ കല്യോട്ട് ഏച്ചിലടുക്കം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പദ്ധതി ആസൂത്രണംചെയ്തുവെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. മുന്നാട് പീപ്പിൾസ് കോളജിലെ കെ.എസ്.യു വിദ്യാർഥികളെ എസ്.എഫ്.ഐ വിദ്യാർഥികൾ നിരന്തരം മർദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഇതിനു മറുപടിയെന്നോണം കോളജ് ബസ് കല്യോട്ട് ടൗണിൽ വെച്ച് 2019 ജനുവരി അഞ്ചിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഈ സംഘർഷത്തിൽ ഒന്നാം പ്രതി പീതാംബരനും 15ാം പ്രതി സുരേന്ദ്രനും പരിക്കുപറ്റിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് ദാരുണമായ കൊലപാതകം നടന്നത് എന്നാണ് വാദം.
2019 ഫെബ്രുവരി 14ന് നടന്ന ഗൂഢാലോചനയിൽ ശരത്തിനെയും കൃപേഷിനെയും കൊലചെയ്യാൻ തീരുമാനിച്ചു. 17ന് വൈകീട്ട് സമയം തിരഞ്ഞെടുത്തു. 712 വർഷങ്ങൾക്കുശേഷം നടക്കുന്നുവെന്ന് വിശ്വസിക്കുന്ന കല്യോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിനു പിന്നാലെ കൊലക്കുള്ള ദിവസം നിശ്ചയിച്ചു. സ്വാഗതസംഘം കഴിഞ്ഞ് ശരത് ലാലും കൃപേഷും ശരത്ലാലിന്റെ വീട്ടിലേക്ക് പോന്ന വഴിയിൽ, അഞ്ചാം പ്രതി ഗിജിന്റെ വീടിന്റെ അടുത്തുള്ള കൂരാങ്കര റോഡിന്റെ അടുത്തുള്ള വിജനമായ കവുങ്ങിൻതോട്ടത്തിനരികെ കൃത്യം നിർവഹിക്കുന്നതിന് തീരുമാനിക്കപ്പെട്ടുവെന്നാണ് കേസ്.

