
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഉടമയുടെ രണ്ട് മക്കൾ ഡൽഹിയിൽ പിടിയിൽ
text_fieldsപത്തനംതിട്ട: 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ ഉടമകളുടെ പെൺമക്കൾ രാജ്യംവിടാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായി. സ്ഥാപനത്തിെൻറ സി.ഇ.ഒ ഡോ. റിനു മറിയം തോമസ്, ഡയറക്ടർ ഡോ. റിയ ആൻ തോമസ് എന്നിവരാണ് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായത്.
ഇരുവരെയും ജില്ലയിലേക്ക് കൊണ്ടുവരാൻ കോന്നി സി.ഐ. രാജേഷ്, വനിത സി.ഐ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിക്ക് പുറപ്പെട്ടു. ആസ്ട്രേലിയയിെല ബന്ധുക്കളുടെ അടുത്തേക്ക് പോകാനായിരുന്നു റിയയുടെയും റിനുവിെൻറയും പദ്ധതി.
മക്കൾ പിടിയിലായതിന് പിന്നാലെ കമ്പനി ഉടമകളായ മാതാപിതാക്കൾക്കുവേണ്ടി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ഉടമകളായ റോയി ഡാനിയൽ, ഭാര്യ പ്രഭ, മക്കൾ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബസമേതം രാജ്യംവിടാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പോപ്പുലർ ഫിനാൻസിെൻറ കോന്നി വകയാറിലെ ആസ്ഥാന ഒാഫിസിൽ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തി. നിക്ഷേപവും പണംമാറ്റലുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് നിക്ഷേപകരെ പൊലീസ് വിരട്ടിയോടിച്ചു. സ്ഥാപനത്തിന് മുന്നിൽ സത്യഗ്രഹം ഇരിക്കാൻ തുടങ്ങിയ നിക്ഷേപകരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
ഇതിനിടെ, സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകി. കേസ് െസപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചിരിക്കുന്നത്.
