വിജയ് ബാബുവിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി; 'ഇര ഞാനാണ്' എന്ന് നടൻ
text_fieldsകൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.
കഴിഞ്ഞ 22ന് യുവതി എറണാകുളം ടൗൺ സൗത്ത് പൊലീസിലാണ് പരാതി നൽകിയത്. എറണാകുളത്തെ ഫ്ലാറ്റുകളിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. വരും ദിവസങ്ങളിൽ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.
അതേസമയം, അർധരാത്രി ഫേസ്ബുക്ക് ലൈവിലെത്തി യുവതിയുടെ ആരോപണങ്ങൾ വിജയ് ബാബു നിഷേധിച്ചു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അദ്ദേഹം, ഇര താനാണെന്നും പറഞ്ഞു.
യുവതിക്കെതിരെ അപകീർത്തി കേസ് നൽകുമെന്നും, ഇവരും ഇവരുടെ പിറകിലുള്ളവരും ഇവരുടെ കുടുംബവുമടക്കം ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും വിജയ് ബാബു വ്യക്തമാക്കി.

