പോക്സോ കേസ് പ്രതിയുടെ കൊലപാതകം; യുവാവ് അറസ്റ്റിൽ
text_fieldsമഞ്ചേരി: പയ്യനാട് അത്താണിക്കലിൽ പീഡനക്കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പയ്യനാട് അമ്പലപ്പടി പുളിക്കൽ വീട്ടിൽ അബ്ദുൽ ജംഷിയെയാണ് (34) മഞ്ചേരി സി. ഐ സി. അലവിയും സംഘവും അറസ്റ്റ് ചെയ്തത്.
പയ്യനാട് ചോലക്കൽ അങ്ങാടിയിൽനിന്ന് പിടികൂടിയ പ്രതിയെ വെള്ളിയാഴ്ച വൈകീട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2016ൽ മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി സെയ്തലവിയാണ് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്.
ഇക്കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഇയാൾ ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലുള്ള വിരോധമാണ് ജംഷിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സെയ്തലവിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
