മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം
text_fieldsപത്തനംതിട്ട: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും. കൂടാതെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിനതടവും 20,000 രൂപ പിഴയും പത്തനംതിട്ട പോക്സോ പ്രത്യേക കോടതി സ്പെഷൽ ജഡ്ജി എൻ. ഹരികുമാർ വിധിച്ചു. കോന്നിയിൽ വാടകക്ക് താമസിക്കുന്ന പ്രതി മകളെ ഏഴാം ക്ലാസ് മുതൽ 2016 നവംബറിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നതുവരെ പലതവണ ബലാത്സംഗം ചെയ്തു എന്നതാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ചെയ്ത കൃത്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് മകളെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്കൂളിൽ കൗൺസലിങ് നടത്തിയപ്പോൾ പെൺകുട്ടി കൗൺസലറോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടെപട്ട് സംഭവം പൊലീസിൽ അറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തു. കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ രാജേഗാപാൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ഒാഫ് പൊലീസ് ആർ. ജോസിനായിരുന്നു അന്വേഷണ ചുമതല.
