വി.ഡി. സതീശന് ആർ.എസ്.എസ് ബന്ധം –അൻവർ
text_fieldsപി.വി അൻവർ
മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് പി.വി. അന്‍വര്‍ എം.എൽ.എ. പുനര്‍ജനി കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി തൃശൂരില്‍ സഹായിക്കാമെന്ന് ആർ.എസ്.എസുമായി സതീശന്‍ ധാരണയിലെത്തിയെന്നും അന്‍വര്‍ ആരോപിച്ചു.
പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മൊഴി കൊടുക്കാൻ മലപ്പുറത്ത് എത്തിയപ്പോഴായിരുന്നു എം.എൽ.എയുടെ പ്രതികരണം. ആർ.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സമ്മതിച്ചിരുന്നു. അജിത്‌കുമാർ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം ഞാൻ ആദ്യംതന്നെ അറിഞ്ഞിരുന്നു.
ഇത് മനസ്സിലാക്കിയ സതീശൻ പെട്ടെന്ന് മാധ്യമപ്രവർത്തകരെ വിളിച്ച് അജിത്‌കുമാർ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഇത് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണെന്ന് പറയുകയായിരുന്നു. എന്നാൽ, സതീശനുവേണ്ടിയാണ് അജിത്‌കുമാറും ആർ.എസ്.എസ് നേതാവും കൂടിക്കാഴ്‌ച നടത്തിയത്. പുനർജനി കേസിൽനിന്ന് പ്രതിപക്ഷനേതാവിനെ രക്ഷിക്കാനായിരുന്നു ഇത്.
ആരോപണം തെറ്റാണെങ്കിൽ പുനര്‍ജനി കേസില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെടാന്‍ സതീശന് ധൈര്യമുണ്ടോയെന്നും അന്‍വര്‍ ചോദിച്ചു.

