സ്കൂളുകൾ പൂട്ടി ; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു
text_fieldsകൊച്ചി: ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്ന പ്രതിസന്ധികളിൽ പ്രതിഷേധം ശക്തമാകുന്നു. അഗത്തി, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലാണ് വിദ്യാഭ്യാസ പ്രതിസന്ധി. അഗത്തിയിലെ സൗത്ത് സീനിയർ ബേസിക് സ്കൂൾ അടച്ചതോടെ വിദ്യാർഥികൾ ബുദ്ധിമുട്ടിലായി. ഇവരെ എസ്.ബി സ്കൂൾ നോർത്തിലേക്കു മാറ്റിയതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി.
ആന്ത്രോത്തിൽ മീച്ചേരി എസ്.ബി സ്കൂൾ പൂട്ടി, സന്റെർ എസ്.ബി സ്കൂളിലേക്ക് വിദ്യാർഥികളെ മാറ്റി. കവരത്തിയിൽ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പൊളിച്ചുമാറ്റിയിരുന്നു. ഇതിനെതിരെ പ്രൈമറി വിദ്യാർഥികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചു. പകരം സംവിധാനമൊരുക്കാതെ പൊളിക്കരുതെന്നായിരുന്നു കോടതി നിർദേശം.
പൊളിച്ച സ്കൂളിന്റെ പണി പിന്നീട് നടത്തിയതുമില്ല. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് കുട്ടികളെ ഡയറ്റ് കാമ്പസിലേക്കാണ് മാറ്റിയത്. ആറു മുതൽ എട്ടു വരെയുള്ളവരെ പി.എം ശ്രീ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലേക്കും. പി.എം ശ്രീ സ്കൂളിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസിലെ കുട്ടികളെ എസ്.ബി സ്കൂൾ നോർത്തിലേക്ക് മാറ്റി.

