കഴിഞ്ഞ തവണ 47, ഇത്തവണ 102 സീറ്റില്‍ ജയം -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് മിന്നുന്ന ജയം നേടിയതായി എസ്.ഡി.പി.ഐ. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 102 സീറ്റിൽ ജയിച്ചതായി പാർട്ടി അറിയിച്ചു. കഴിഞ്ഞതവണ 47 സീറ്റായിരുന്നു. രണ്ടാമതെത്തിയ 200ലധികം സീറ്റില്‍ പലയിടത്തും പത്തിൽതാഴെ വോട്ടിനാണ് തോറ്റതെന്നും സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍- തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപ്പാലിറ്റികളില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ നിര്‍ണായകമാണ്. തിരുവല്ല മുനിസിപ്പാലിറ്റിയില്‍ സീറ്റ് നിലനിര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനില്‍ ഹമീദ് ഹൊസങ്കടി വിജയിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റും പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ നാല് സീറ്റും കണ്ണൂര്‍ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റും നേടി.

