അശ്രദ്ധമായി കാര്യങ്ങൾ ചെയ്ത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കരുത് –ഡി.ജി.പി
text_fieldsതിരുവനന്തപുരം: അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്ത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കരുതെന്ന് ഡി.ജി.പി ടി.പി. സെൻകുമാറിെൻറ നിർേദശം. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പൊലീസ് മേധാവി ഇപ്രകാരം പ്രതികരിച്ചത്. നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലുൾപ്പെടെ കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധിക്കണം. അശ്രദ്ധമായി മറുപടി നൽകുകയോ മറുപടി നൽകാൻ കാലതാമസമുണ്ടാക്കുകയോ ചെയ്യുന്നത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കും. അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം.
പൊലീസുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചില്ലെന്നും നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നും പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ ഡി.ജി.പിയോട് വിശദീകരിച്ചു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം വീണ്ടും നിയമിതനായ സെൻകുമാർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നാണറിയുന്നത്. ദിവസങ്ങൾക്കുള്ളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും അദ്ദേഹം വിളിച്ചുചേർക്കും.
