ഷാൻ വധം: മേലുദ്യോഗസ്ഥൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് കുറ്റപത്രം സമർപ്പിക്കാമെന്ന് പ്രോസിക്യൂഷൻ
text_fieldsകൊല്ലപ്പെട്ട ഷാന്‍
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ച ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി റോയി വർഗീസാണ് കേസ് മാറ്റിയത്. കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ആണെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അധികാരമില്ലെന്നുമാണ് പ്രതികളുടെ വാദം. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.വി. ബെന്നിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
അതേസമയം, മേലുദ്യോഗസ്ഥൻ നിയോഗിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് കുറ്റപത്രം സമർപ്പിക്കാൻ അധികാരമുണ്ടെന്ന് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധികൾ ചൂണ്ടിക്കാട്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി.പി. ഹാരിസ് വാദിച്ചു. സാധാരണ കേസുകളിൽ എസ്.എച്ച്.ഒ ആണ് കുറ്റപത്രം നൽകേണ്ടത്. ജില്ല പൊലീസ് മേധാവിക്ക് എസ്.എച്ച്.ഒയെക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നൽകാം. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കാൻ നിയമത്തിൽ വകുപ്പുകളില്ലെന്നും ചൂണ്ടിക്കാട്ടി.
മുതിർന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ വാദം കേൾക്കൽ മാറ്റിവെക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. 2021 ഡിസംബർ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനിനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രതിഭാഗം ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി നൽകാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദംകൂടി കേട്ടശേഷം ഹരജി തീർപ്പാക്കും. ഇതിനുശേഷമേ വിചാരണ നടപടി ആരംഭിക്കൂ.
ഷാൻ വധക്കേസിലെ 11 പ്രതികളിൽ രണ്ടുപേർ ഹാജരായില്ല. 10ഉം 11ഉം പ്രതികളാണ് എത്താതിരുന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ബാക്കി ഒമ്പതുപേരും കോടതിയിൽ എത്തിയിരുന്നു. മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരം സ്വദേശി ധനീഷ്, മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍.

