സിദ്ദിഖ് വധം: ക്വട്ടേഷൻ നൽകിയ മൂന്ന് പേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
മഞ്ചേശ്വരം: പ്രവാസിയും പുത്തിഗെ മുഗു റോഡിൽ നസീമ മൻസിലിൽ താമസക്കാരനായ അബൂബക്കർ സിദ്ദീഖി (32) നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിലെ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ഭഗവതി ടെമ്പിൾ റോഡിലെ റഹ് മത്ത് മൻസിലിൽ അബ്ദുൽ റസാഖ് (46), മഞ്ചേശ്വരം കുഞ്ചത്തൂർ നവാസ് മൻസിലിൽ അബൂബക്കർ സിദ്ദിഖ് (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേത്രത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സിദ്ധീഖിനെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയവരാണ് അറസ്റ്റിലായ ആദ്യ രണ്ട് പേർ. സിദ്ദിഖ് മർദ്ദനത്തിൽ അബോധവസ്ഥയിലായപ്പോൾ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ കാറിൽ ഉപേക്ഷിച്ചു കടന്നതിൽ രണ്ടാമൻ ആണ് ഇപ്പോൾ അറസ്റ്റിലായ കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ്. ആദ്യത്തെ ആളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊല നടത്തിയ മുഴുവൻ പേരും ഇപ്പോൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ അന്വേഷണ സംഘം റെയ്ഡ് തുടരുകയാണ്.

