Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കൽ നഗരസഭയിലെ സാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേട്: ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണം

text_fields
bookmark_border
KN Balagopal
cancel

തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേടുകളിൽ ധന വകുപ്പ്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധന മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി.

പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ഷൻ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ബി.എം.ഡബ്ല്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌.

ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എ.സി ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നു. മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Social security pension irregularity: Vigilance probe against officials
Next Story