ആസിഡ് ഉള്ളിൽച്ചെന്ന് വിദ്യാർഥി മരിച്ച സംഭവം; അന്വേഷണം സി.ബി.സി.ഐ.ഡിക്ക്, മൃതദേഹം ബന്ധുക്കൾ വാങ്ങിയില്ല
text_fieldsകളിയിക്കാവിള: സ്കൂളിലെ സഹവിദ്യാർഥി നൽകിയ ആസിഡ് കലർന്ന ശീതളപാനീയം കഴിച്ച് മരിച്ച വിദ്യാർഥി അശ്വിന്റെ മരണത്തെക്കുറിച്ച് സി.ബി.സി.ഐ.ഡി വിഭാഗത്തെകൊണ്ട് അന്വേഷിപ്പിക്കാൻ ജില്ല പൊലീസ് മേധാവി ഡി.ഐ.ജിയോട് ആവശ്യപ്പെട്ടു. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനിടെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാർഥിയുടെ മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജ് ആശുത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.
എന്നാൽ, സർക്കാറിൽനിന്ന് മതിയായ ഉറപ്പ് ലഭിച്ചതിനു ശേഷമേ തങ്ങൾ മൃതദേഹം കൈപ്പറ്റുകയുള്ളൂവെന്ന് പറഞ്ഞ് ബന്ധുക്കൾ ആശാരിപള്ളത്തുനിന്ന് തിരികെ പോയി. സി.ബി.സി.ഐ.ഡി അല്ലെങ്കിൽ പ്രത്യേക അന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കുക, സ്കൂൾ മാനേജ്മെന്റിനെതിരെ നടപടിയും അന്വേഷണവും നടത്തുക, മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
മെതുകുമ്മൽ സ്വദേശി സുനിൽ-സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ ആണ് (11) ശീതളപാനീയം കഴിച്ച് ആന്തരികാവയവങ്ങൾക്ക് കേട് പറ്റി തിങ്കളാഴ്ച മരിച്ചത്.

