
ഡൽഹിയിൽ ഐ.എസ് ഭീകരൻ പിടിയിലായെന്ന് പൊലീസ്; ബോംബ് കണ്ടെടുത്തു
text_fieldsന്യൂഡൽഹി: ഐ.എസ് ഭീകരനെന്ന് പൊലീസ് സംശയിക്കുന്നയാൾ ഡൽഹിയിൽ അറസ്റ്റിലായി. പ്രഷർ കുക്കറിൽ നിറച്ച 15 കിലോഗ്രാം വരുന്ന ബോംബ്, തോക്ക്, മോട്ടോർ സൈക്കിൾ എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ചെറിയൊരു ഏറ്റുമുട്ടലിനു ശേഷമാണ് കീഴ്പ്പെടുത്തിയതെന്നും പൊലീസ് വിശദീകരിച്ചു.
യു.പിയിലെ ബൽറാംപുർ സ്വദേശിയായ അബൂ യൂസുഫ് എന്ന മുസ്താകീം ഖാനാണ് വെള്ളിയാഴ്ച രാത്രി ദൗലകുവയിൽനിന്ന് പിടിയിലായത്. മോട്ടോർ സൈക്കിൾ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഒറ്റക്ക് ഭീകരാക്രമണത്തിന് പദ്ധതിയിട്ട് വന്നതാണെന്നാണ് പൊലീസ് പറയുന്നത്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് എത്താനായിരുന്നു പരിപാടി. എന്നാൽ, പൊലീസ് കാവൽ ശക്തമായതിനാൽ പദ്ധതി നീട്ടിവെക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.
