ഒാൺലൈൻ ക്ലാസ് കാണുന്നതിനിടെ വിദ്യാർഥിനിയെ കാട്ടുപന്നി ആക്രമിച്ചു; പറമ്പിലേക്ക് ചാടിയ സഹോദരിമാർക്കും പരിക്ക്
text_fieldsകൊല്ലങ്കോട് (പാലക്കാട്): മൊബൈലിൽ ഓൺലൈൻ ക്ലാസ് കാണുന്നതിനിടെ വിദ്യാർഥിനിയെ കാട്ടുപന്നി ആക്രമിച്ചു. പയ്യല്ലൂർ ഹരിജനോദ്ധാരണ വായനശാലക്കു സമീപവാസിയായ സുരേഷ്-ഉഷ ദമ്പതികളുടെ മകൾ യഥു കൃഷ്ണയെ (13) ആണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വീടിനു സമീപത്ത് പനങ്ങാട്ടിരി എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി യഥു കൃഷ്ണ ഇളയ സഹോദരിമാരായ റിതു കൃഷ്ണ, ദിയ കൃഷ്ണ എന്നിവർക്കൊപ്പം വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ് കാണുന്നതിനിടെയാണ് പന്നി മുന്നിലെത്തിയത്.
അപ്രതീക്ഷിതമായി പന്നിയെത്തിയപ്പോൾ ഇളയ സഹോദരിമാർ തൊട്ടടുത്ത പറമ്പിലേക്ക് ചാടി. ഇതിനിടെയാണ് പന്നി യഥു കൃഷ്ണയെ ആക്രമിച്ചത്. വലതു കൈക്ക് പരിക്കേറ്റ യഥു കൃഷ്ണയെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇളയ സഹോദരിമാർക്കും വീഴ്ച്ചയിൽ പരിക്കേറ്റു.
