കുരുന്നുകളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
text_fieldsകിളിമാനൂർ: യു.കെ.ജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളെ മാതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. പിതാവെടുത്ത ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിച്ചതോടെയാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് കേസെടുത്തു.
കിളിമാനൂർ ഗവ. എൽ.പി.എസിലെ ഒന്നാം ക്ലാസിലും യു.കെ.ജിയിലും പഠിക്കുന്ന പെൺകുട്ടികൾക്കാണ് ഗുരുതര പൊള്ളലേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. പൃഷ്ടഭാഗത്താണ് ഇരുവർക്കും പൊള്ളലേറ്റത്. പൊലീസാണ്ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്.
കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകക്ക് താമസിക്കുകയാണ് ഇവർ. കെ.എസ്.ഇ.ബിയിൽ ലൈൻമാനായി ജോലി നോക്കുന്ന പിതാവ് കഴിഞ്ഞദിവസം വീട്ടിലെത്തിയതോടെയാണ് സംഭവം അറിഞ്ഞത്.

