ഒന്നാകും മുെമ്പ മരണത്തിൽ ചാക്കോയും നാൻസിയും ഒന്നിച്ചു; തിരുവല്ലയിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്നം
text_fieldsചെങ്ങന്നൂർ: എം.സി റോഡിൽ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയിൽ പെരുന്തുരുത്തിയിൽ കെഎസ്.ആർ.ടി.സി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ പരേതനായ ചാക്കോ സാമുവേൽ - കുഞ്ഞമ്മ ദമ്പതികളുടെ മകനും മുളക്കുഴ സെൻറ് ഗ്രീഗോറിയോസ് സ്കൂൾ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ സണ്ണി - ലിലാമ്മ ദമ്പതികളുടെ മകൾ ആൻസിയും (26) ആണ് മരിച്ചത്. കംപ്യൂട്ടർ പഠനം കഴിഞ്ഞ ആൻസിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

ഇരുവരുടെയും വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിരിക്കെയാണ് ദുരന്തമുണ്ടായത്. ആൻസിയുടെ അമ്മയും സഹോദരൻ അഖിലും കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് നാട്ടിലെത്തിലെത്തുന്നതിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് വിവാഹ തീയതി തീരുമാനിക്കാതിരുന്നത്. ജയിംസ് ചാക്കോയുടെ അമ്മ രോഗബാധിതയാണ്. ബിന്ദു ഏക സഹോദരിയാണ്. ജയിംസ് നാട്ടുകാർക്കും ജോലി ചെയ്യുന്ന സ്കൂളിലെ സഹപ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4.15ഓടെയായിരുന്നു അപകടം. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് മുന്നിൽപോയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ ജെയിംസിനെയും ആൻസിയെയും ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാരായ കോഴഞ്ചേരി നാരങ്ങാനം കാട്ടൂർ കളരിപ്പറമ്പിൽ സജിനി (22), പത്തനംതിട്ട ആഴൂർ കച്ചിപ്പുഴയിൽ ആഷ്‌ന (22), വൈക്കം ശ്രീവത്സത്തിൽ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തിൽ സുമ (41), കരുനാഗപ്പള്ളി പുത്തൻചന്ത സോമശൈലത്തിൽ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയിൽ കെസിയ ആൻ ജോൺ(21), പത്തനംതിട്ട സ്വദേശികളായ അജയകുമാർ (47), മിനി പി.അജയൻ (45), ലിസി വർഗീസ് (50), അനില (23), മീര (30), കോട്ടയം സ്വദേശി ദിനേശൻ (60), കോഴഞ്ചേരി സ്വദേശി ബേബി (44), ചിറ്റാർ സ്വദേശി ജിനു (30), കോട്ടയം പാമ്പാടി സ്വദേശി വിത്സൻ, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39), തിരുവല്ല സ്വദേശി സദാനന്ദൻ (58), ബസ് ഡ്രൈവർ കോട്ടയം കുമാരനെല്ലൂർ അജയ ഭവനിൽ എ.ജി അജയകുമാർ (38), കണ്ടക്ടർ കോട്ടയം സൗത്ത് പാമ്പാടി പള്ളിപ്പീടികയിൽ വിൽസൺ (40) എന്നിവരെ നിസാര പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയിൽ രേഷ്മാ ശങ്കർ (21) സഹോദരി രശ്മി ശങ്കർ (19), എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. റോഡരികിൽ നിർത്തിയിട്ട സമീപത്തെ കടയിലെ ജീവനക്കാകരുടെ രണ്ട് സ്‌കൂട്ടറുകളും, സമീപത്തെ മാൾ ഉടമയുടെ കാറും ബസ്സിടിച്ച് തകർന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണമെന്ന് തിരുവല്ല സി.ഐ പി.എസ് വിനോദ് പറഞ്ഞു.

