അനന്തപുരിയെ വിറപ്പിക്കാന്‍ 'പുലികള്‍' ഇന്നിറങ്ങും
text_fieldsതിരുവനന്തപുരം: ചെണ്ടകളുടെ ആസുരതാളത്തില്‍ ഗർജിക്കുന്ന പുലിമുഖ കുംഭകളിളക്കി തലസ്ഥാന നഗരിയെ വിറപ്പിക്കാന്‍ പുലികളെത്തുന്നു.ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് തിങ്കളാഴ്ച നടക്കുന്ന വിളംബര ഘോഷയാത്രയില്‍ നഗരവാസികളെ ഞെട്ടിക്കാന്‍ തൃശൂരില്‍ നിന്നുള്ള 'സൂപ്പര്‍ സ്റ്റാര്‍ പുലി'കളാണ് അനന്തപുരിയുടെ കളം നിറയുന്നത്.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓണനാളില്‍ പതിവായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലെ സംഘമാണ് നഗരത്തിലെത്തുക. തിങ്കളാഴ്ച രാവിലെ 10ന് കനക്കുന്നില്നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും നെടുമങ്ങാടു നടക്കുന്ന ഓണം വിളംബര ഘോഷയാത്രയുടെയും ഭാഗമാകും.
നഗരത്തിലെ പതിവ് ഓണക്കാഴ്ചകളില്നിന്ന് വ്യത്യസ്തമായി തൃശൂരില്‍നിന്നുള്ള പുലികള്‍ കാഴ്ചവെക്കുന്ന പ്രകടനം തലസ്ഥാനവാസികള്‍ക്ക് പുതുമയാകുമെന്നുറപ്പ്.പൂക്കളത്തിനും ഓണസദ്യക്കുമൊപ്പം ഓണ സന്തോഷങ്ങളിൽ ചേർത്തുവെക്കുന്ന പുലികളിയും അങ്ങനെ തലസ്ഥാനവാസികൾക്കു നാളെ സ്വന്തമാകും.

