ട്രെയിൻ റദ്ദാക്കൽ; നിയന്ത്രണങ്ങളിൽ വലഞ്ഞ് യാത്രക്കാർ
text_fieldsതിരുവനന്തപുരം: ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചയും 11 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ശനിയാഴ്ച രാവിലെയോടെ തടസ്സം നീക്കി ഇരുദിശയിലേക്കുമുള്ള ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്. ഏതാനും ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതോടെ യാത്രക്കാർ വെട്ടിലായി.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് (16307), ആലപ്പുഴ-എറണാകുളം എക്സ്പ്രസ് സ്പെഷൽ (06452), എറണാകുളം-ആലപ്പുഴ എക്സ്പ്രസ് (06449), എറണാകുളം-കണ്ണൂർ ഇൻറർസിറ്റി (16305), പാലക്കാട്-എറണാകുളം മെമു (06797), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06439), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (16304), തിരുവനന്തപുരം-ഷൊർണൂർ വേണാട് (16302), ഷൊർണൂർ ജങ്ഷൻ-എറണാകുളം മെമു (06017), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326 ) എന്നിവയാണ് റദ്ദാക്കിയത്.
തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ച ഉച്ചക്ക് മൂന്നിന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയിൽ അഞ്ച് മണിക്കൂർ വൈകി രാത്രി എട്ടിനാണ് സർവിസ് തുടങ്ങിയത്. വൈകീട്ട് 4.45 ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടേണ്ട കൊച്ചുവേളി -മൈസൂർ പ്രതിദിന എക്സ്പ്രസ് (16316) അഞ്ച് മണിക്കൂർ വൈകി. വൈകീട്ട് 6.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് (16629) ഒരുമണിക്കൂർ വൈകി 7.40 നാണ് യാത്ര ആരംഭിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടേണ്ട എറണാകുളം-ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) ഒരു മണിക്കൂർ വൈകിയാണ് സർവിസ് ആരംഭിച്ചത്. ആലപ്പുഴയിൽനിന്ന് വൈകീട്ട് 4.05ന് പുറപ്പെടേണ്ട ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് (22640) രണ്ട് മണിക്കൂറോളം വൈകി.
കൊച്ചുവേളിയിൽനിന്ന് 6.05ന് പുറപ്പെടേണ്ട കൊച്ചുവേളി-ബാനസ്വാടി ഹംസഫർ (16319) ഒരു മണിക്കൂർ വൈകി 7.05 നാണ് യാത്ര തുടങ്ങിയത്. എറണാകുളം-പാലക്കാട് മെമു എക്സ്പ്രസ് (06798 ) ആലുവയിൽനിന്നാണ് ശനിയാഴ്ച സർവിസ് തുടങ്ങിയത്. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് (16308) ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.

