എൻജിൻ തകരാർ; പുണെ എക്സ്പ്രസ് വഴിയിൽ കുടുങ്ങി
text_fieldsകോഴിക്കോട്: എൻജിൻ തകരാറിനെ തുടർന്ന് പുണെ-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വഴിയിൽ കുടുങ്ങി. ഉച്ചക്ക് 2.10ന് കണ്ണൂർ വിട്ട ട്രെയിൻ, കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞതോടെ എൻജിനിൽനിന്ന് അസാധാരണ ശബ്ദവും പുകയുമുണ്ടായതോടെ തീപിടിച്ചെന്നു കരുതി ഭയന്ന യാത്രക്കാർ അപായ ചങ്ങല വലിച്ചു നിർത്തി.
പ്രാഥമിക പരിശാധനക്കുശേഷം വളരെ പതുക്കെ നീങ്ങിയെങ്കിലും തകരാർ കാരണം എടക്കാട് സ്റ്റേഷൻ എത്തും മുമ്പ് നിർത്തി എൻജിൻ ഒാഫാക്കി. എൻജിനിൽനിന്ന് വൻതോതിൽ ഒായിൽ പുറത്തേക്ക് ഒഴുകിയിരുന്നു.
ഇതേതുടർന്ന് യാത്രക്കാരിൽ പലരും ഇറങ്ങി. ഉച്ചക്ക് 2.35ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് കണ്ണൂർ സൗത്തിൽ നിർത്തിയിട്ടു. കൊയിലാണ്ടിയിൽനിന്ന് മറ്റൊരു എൻജിൻ എത്തിയശേഷം വൈകീട്ട് 3.50നാണ് പുണെ എക്സ്പ്രസ് യാത്ര പുനരാരംഭിച്ചത്. നേരത്തേതന്നെ വൈകി ഒാടിക്കൊണ്ടിരുന്ന ട്രെയിൻ 5.07നാണ് കോഴിക്കോട്ട് എത്തിയത്.
