തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ കാട്ടാന ആക്രമണം; ഉദ്യോഗസ്ഥന്റെ കാർ തകർത്തു
text_fieldsമാനന്തവാടി (വയനാട്): തോൽപ്പെട്ടി അതിർത്തി ചെക്ക്പോസ്റ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ ഉദ്യോഗസ്ഥെൻറ കാർ തകർന്നു. ശനിയാഴ്ച പുലർച്ച 2.45നാണ് സംഭവം. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബാവലി ഗവ. യു.പി സ്കൂൾ അധ്യാപകൻ എം.എസ്. ബിജു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബിജുവിെൻറ കാർ ആന കുത്തി നശിപ്പിച്ചു. മറ്റു ജീവനക്കാർ, ആന വരുന്നത് കണ്ട് വിളിച്ചുപറഞ്ഞപ്പോൾ കാറിൽ ഇരിക്കുകയായിരുന്ന ബിജു ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു.
ബിജുവും പൊലീസ്, എക്സൈസ് വകുപ്പുകളിലെ അഞ്ച് ജീവനക്കാരുമാണ് ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. വനപാലകരെത്തി ഒരു മണിക്കൂറോളം ശ്രമിച്ചതിന് ശേഷമാണ് ആനയെ കാട്ടിലേക്ക് തുരത്താനായത്. ഒരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ ജീവൻ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യേണ്ടിവരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

