മൂന്നാറിൽ കാട്ടാന ആക്രമണം; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
text_fieldsഅടിമാലി: മൂന്നാർ കല്ലാറിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാർ പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്നാർ കോളനി സ്വദേശി അഴകമ്മ (50), നെറ്റിക്കുടി സ്വദേശി ശേഖർ (48) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് അഴകമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് പരിക്കേറ്റത്. അഴകമ്മയുടെ പരിക്ക് സാരമുള്ളതാണ്.
പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ വെച്ചാണ് സംഭവം. ആനയെ തുരത്താനുള്ള ദൗത്യത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും നടപടികൾ തുടങ്ങുമെന്നും മറയൂർ ഡി.എഫ്.ഒ അറിയിച്ചു.
മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ കടുവയും പുലിയും ഭീതി പടർത്തുന്നുണ്ട്. കഴിഞ്ഞദിവസം കടുവ പശുവിനെ കൊന്നുതിന്നിരുന്നു. ഒരു വർഷത്തിനിടെ 50ലേറെ പശുക്കളെയാണ് കടുവയും പുലിയും കൊന്നത്.

