കൊച്ചി നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി
text_fieldsകൊച്ചി: നഗരമധ്യത്തിലെ തിരക്കിനിടയിൽ കഴുത്തറുത്ത് യുവാവ് ആത്മഹത്യ ചെയ്തു. കലൂര്‍ ദേശാഭിമാനി ജങ്ഷനിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ദേശാഭിമാനി ജങ്ഷന് സമീപം മാർക്കറ്റിനരികിലെ പെറ്റ് ഷോപ്പിന് മുന്നിലെ പോസ്റ്റിനടുത്ത് വന്നിരുന്ന യുവാവ് കത്തിയെടുത്ത് കൈയിൽ മുറിവുണ്ടാക്കുകയും കഴുത്ത് മുറിക്കുകയുമായിരുന്നു.
യുവാവ് കുഴഞ്ഞുവീഴുന്നത് കണ്ട് കടയിലുള്ളവരും വഴിയാത്രക്കാരും ശ്രദ്ധിച്ചപ്പോഴാണ് രക്തം വാർന്നൊഴുകുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ പൊലീസിനെ അറിയിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വയം കഴുത്തറുക്കുന്നതും പരിക്കേൽപിക്കുന്നതും മനസ്സിലാകുന്നത്. കഴുത്തറുത്തയുടൻ യുവാവ് മരിച്ചതായി വ്യാപാരികൾ പറഞ്ഞു.
പൊലീസെത്തി യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്, മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മോർച്ചറിയിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യക്ക് പിന്നിലെ കാരണവും അന്വേഷിക്കുന്നുണ്ട്

