‘തീരുമാനോ’ഫോബിയ
text_fieldsജീവിതത്തിലെ ഏതൊരു ചെറിയ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽപോലും ആശങ്കയും ഭയവും ഉണ്ടാകുന്നുവെങ്കിൽ സൂക്ഷിക്കുക, നിങ്ങൾ ‘ഡിസൈഡോഫോബിയ’ അഥവാ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നയാളാണ്
ഏതു വിഭവമാണ് ഓർഡർ ചെയ്യേണ്ടതെന്ന് ആലോചിച്ച് വെയ്റ്ററെ വെയ്റ്റിങ്ങിലാക്കുന്ന ആളാണോ നിങ്ങൾ. കാര്യം ചെറുതായാലും വലുതായാലും ഇതുപോലെ ഒരു തീരുമാനമെടുക്കാൻ കഷ്ടപ്പെടുന്നവർ നമുക്കിടയിൽ കുറവല്ല. തീരുമാനത്തിലെത്തുന്നതിന് മുമ്പ് കാര്യങ്ങൾ നന്നായി വിശകലനം ചെയ്യുന്നവരാണ് അവരെന്ന് വേണമെങ്കിൽ പോസിറ്റിവായി പറയാം. പക്ഷേ, ജീവിതത്തിലെ ഏതൊരു ചെറിയ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽപോലും ആശങ്കയും ഭയവും ഉണ്ടാകുന്നുവെങ്കിൽ സൂക്ഷിക്കുക, നിങ്ങൾ ‘ഡിസൈഡോഫോബിയ’ എന്ന ‘തീരുമാനോ’ഫോബിയയാൽ ബുദ്ധിമുട്ടുകയാണ്.
‘ഒരു സാഹചര്യത്തെയോ സ്ഥലത്തേയോ വ്യക്തിയേയോ കാര്യകാരണമില്ലാതെ ഭയക്കുന്നതാണ് ഫോബിയ. ഒരു തീരുമാനമെടുക്കുമ്പോൾ ഇത്തരം ഫോബിയ നിങ്ങളെ ബാധിക്കുന്നുവെങ്കിൽ അതാണ് ഡിസൈഡോഫോബിയ’’ -ഡൽഹിയിലെ മുതിർന്ന മനോരോഗ വിദഗ്ധൻ ഡോ. രാജീവ് മേത്ത പറയുന്നു. ഓരോ തീരുമാനത്തിന്റെയും ഗുണവും ദോഷവും വിലയിരുത്തുന്നത് ഏറ്റവും നല്ലതിലെത്താനുള്ള വഴിതന്നെയാണ്. എന്നാൽ, ചിലരിൽ ഈ പ്രവൃത്തി ആധിയും വിഷമവും സൃഷ്ടിക്കും.
നിങ്ങൾക്കും ബാധിച്ചോ?
ഡിസൈഡോഫോബിയ എന്നത് ഒരു സ്വതന്ത്ര ആരോഗ്യ പ്രശ്നമല്ല. മറ്റു മാനസിക വിഷമതകളായ ആധി, വിഷാദം, ഒബ്സസ്സിവ് കംപൾസിവ് ഡിസോഡർ തുടങ്ങിയവക്കൊപ്പം കണ്ടുവരാറുണ്ട്. ദൈനംദിന പ്രവർത്തനത്തെയും നല്ലൊരു ജീവിതത്തെതന്നെയും ഈ പ്രശ്നം ബാധിക്കാൻ തുടങ്ങും. ചിലരിൽ ഇത് ബന്ധങ്ങളെയും ജോലിയേയുമെല്ലാം ബാധിക്കാനിടയുണ്ടെന്ന് ഡോക്ടർ മേത്ത പറയുന്നു.
എങ്ങനെ മറികടക്കാം?
ചികിത്സിക്കുന്നതിനു മുമ്പ്, ഡിസൈഡോഫോബിയ ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ആധി, വിഷാദം തുടങ്ങിയവയുടെ ഭാഗമായാണ് ഈ പ്രശ്നവുമെങ്കിൽ കൗൺസലിങ്ങും മരുന്നും ആവശ്യമായി വരും. ചികിത്സ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടും.
തീരുമാനമെടുക്കുന്നതിൽ തനിക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് സ്വയം മനസ്സിലാക്കി, അത് മറികടക്കാൻ ബോധപൂർവം പ്രവർത്തിക്കുന്നത് പ്രധാനമാണ്.
ഓരോ തീരുമാനത്തിന്റെയും ഗുണവും ദോഷവും മനസ്സിൽ കണക്കുകൂട്ടാതെ എഴുതി താരതമ്യം ചെയ്യാം. ശേഷം ഏറ്റവും കുറച്ച് ദോഷവും ഏറ്റവും കൂടുതൽ ഗുണവുമുള്ളത് തെരഞ്ഞെടുക്കാം. എന്നാൽ, ഒരുകാര്യം ഓർക്കേണ്ടത് ഏത് മികച്ച തീരുമാനത്തിലും നെഗറ്റിവുകൾ ഇല്ലാതിരിക്കില്ല -ഡോക്ടർ കൂട്ടിച്ചേർക്കുന്നു.

