നോമ്പുകാലം
text_fieldsനോമ്പിന്റെ സുഗന്ധം ഒരു പ്രത്യേക അനുഭൂതിയാണ്. നോമ്പടുക്കാറാവുമ്പോൾ തന്നെ ആ ഒരു സുഗന്ധം നമുക്ക് കിട്ടിത്തുടങ്ങും. പുതിയ വീട്ടുപകരണങ്ങൾ, അടുക്കള സാധനങ്ങൾ, പുതിയ നമസ്കാരക്കുപ്പായം എന്നുവേണ്ട പല സാധനങ്ങളും നോമ്പായാൽ പുതിയത് വാങ്ങും. റമദാനെ വരവേൽക്കുന്നതുതന്നെ ഒരു രസമുള്ള അനുഭവമാണ്. നാടിനെക്കാൾ ഒരുക്കം കൂടുതൽ ബഹ്റൈനിലാണെന്നാണ് എന്റെ തോന്നൽ.
എന്തു രസമായിട്ടാണ് ഇവിടത്തുകാർ റമദാനെ വരവേൽക്കുന്നത്. എന്തായാലും എല്ലായിടവും ഒരുപോലെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു പുണ്യമാസംതന്നെയാണ് റമദാൻ. ഒരു മോശം ചിന്തകളുമില്ല, ആരോടും അങ്ങോട്ടും ഇങ്ങോട്ടും വെറുപ്പുമില്ല, പകയുമില്ല. ഈ മാസം വിട പറയുമ്പോൾ എല്ലാവരുടെയും മനസ്സ് കണ്ണീരിൽ കുതിരുന്നതിനും ഇതൊക്കെയും ഒരു കാരണമല്ലേ?. എല്ലാരും എന്നും അങ്ങനെതന്നെ ആണേൽ എത്ര നല്ലതായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

