മദ്യപിച്ച് ശല്യം; മകനെ പിതാവ് കൊലപ്പെടുത്തി
text_fieldsബംഗളൂരു: മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. ഹൊസകോട്ടെ ആനുഗൊണ്ടനഹള്ളി ദേവലാപൂർ സ്വദേശി ത്യാഗരാജാണ് (38) കൊല്ലപ്പെട്ടത്. കൊലപ്പെടുത്താനുപയോഗിച്ച ഡംബലുമായി മുനിസ്വാമി (65) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൂലിപ്പണിക്കാരനായ ത്യാഗരാജ് മദ്യപിക്കാൻ പണത്തിനായി മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മകന്റെ പീഡനം സഹിക്കാനാവാതെ മാതാപിതാക്കൾ വീടുവിട്ട് മകളോടൊപ്പമായിരുന്നു താമസം. എന്നാൽ, സഹോദരിയുടെ വീട്ടിലെത്തിയും ത്യാഗരാജ് ഇവരെ ശല്യംചെയ്യാൻ തുടങ്ങി. കഴിഞ്ഞ ദിവസം വഴക്കിനിടെ വ്യായാമത്തിനുപയോഗിക്കുന്ന ഇരുമ്പ് ഡംബൽ ഉപയോഗിച്ച് പിതാവ് മകനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ആനുഗൊണ്ടനഹള്ളി പൊലീസ് ഐ.പി.സി 302 വകുപ്പു പ്രകാരം കൊലപാതക കേസെടുത്തു.

