ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ വാഹനാപകടം; നാലുപേർ മരിച്ചു
text_fieldsഅപകടത്തിൽപ്പെട്ട കാർ
ബംഗളൂരു: രാത്രി അതിവേഗ പാതയിലൂടെ വിപരീത ദിശയില്‍ ഓടിച്ചുവന്ന ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കവെയുണ്ടായ കാറപകടത്തില്‍ നാലുപേർ മരിച്ചു. ബംഗളൂരു -ചെന്നൈ എക്സ്പ്രസ് വേയില്‍ കോലാർ ജില്ലയിലെ കുപ്പനഹള്ളിയിൽ തിങ്കളാഴ്ച രാത്രി 11.45നാണ് സംഭവം.
ഇന്നോവ കാറിലുണ്ടായിരുന്ന മഹേഷ് (55), രത്നമ്മ (60), ഉദിത (മൂന്ന്) എന്നിവരും ബൈക്ക് ഓടിച്ചിരുന്ന ശ്രീനാഥുമാണ് (30) മരിച്ചത്.തെറ്റായ ദിശയില്‍ ബൈക്ക് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കെ.ജി.എഫ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ബംഗളൂരുവിൽ കുടുംബ ചടങ്ങില്‍ പങ്കെടുത്ത് ഇന്നോവയില്‍ മടങ്ങിവരുന്നതിനിടെ എക്സ്പ്രസ് വേയില്‍ വിപരീത ദിശയില്‍ ബൈക്ക് വരുന്നത് കണ്ടു. നല്ല വേഗത്തില്‍ തെറ്റായ ദിശയിലൂടെ വന്ന ബൈക്കിനെ രക്ഷിക്കാൻ കാർ പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചു. റോഡില്‍ ഈ ഭാഗത്ത് വെളിച്ചം കുറവായിരുന്നത് അപകടത്തിന് ആക്കം കൂട്ടി. അപകടത്തിന്റെ ആഘാതത്തില്‍ ഇന്നോവ സർവിസ് റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് മറ്റൊരു വശത്തേക്കും വീണു.

