ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്
text_fieldsബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഞായറാഴ്ച ശിവാജി നഗർ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടി ഇസ്ലാഹി സെൻറർ പ്രസിഡന്റ് കെ.വി. ബഷീർ ഉദ്ഘാടനം ചെയ്യും.
‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ പ്രമേയത്തിൽ ഒരു മാസത്തോളമായി നടക്കുന്ന കാമ്പയിന്റെ സമാപനം കൂടിയാണ് സംഗമം.
ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന വിജ്ഞാനസദസ്സിൽ ഹാരിസ് ബിൻ സലീം പ്രമേയം അവതരിപ്പിക്കും. വിശ്വാസ, കർമ, കുടുംബ വിഷയങ്ങളിൽ നിസാർ സ്വലാഹി, ഫിറോസ് സ്വലാഹി, ബിലാൽ കൊല്ലം എന്നിവർ സംസാരിക്കും. കുട്ടികൾക്കുവേണ്ടി പ്രത്യേകം ഒരുക്കിയ ‘റയ്യാൻ സർഗവിരുന്ന്’ അംജദ് മദനി നയിക്കും. ഇസ്ലാമിനെ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ പുസ്തകമേളയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

