കാറും ലോറിയും കൂട്ടിയിടിച്ചു; കത്തിയ കാറിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
text_fieldsഅപകടത്തിൽ കത്തിനശിച്ച കാറും ലോറിയും
ബംഗളൂരു: ചാമരാജ് നഗറിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 10.45 ഓടെ മൈസൂരു- ഊട്ടി ദേശീയപാതയിൽ ഗുണ്ടൽപേട്ട് ബേഗൂരിന് സമീപം ഹിരികർ ഗേറ്റിലാണ് അപകടം. കാർ ഡ്രൈവർ മൈസൂരു സ്വദേശി മുസമ്മിൽ അഹമ്മദാണ് (35) മരിച്ചത്. ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചയുടൻ കാർ കത്തിയമർന്നു. മൈസൂരുവിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് പോയ കാർ എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. തീ പടർന്നതോടെ ലോറിയിലുണ്ടായിരുന്നവർ പുറത്തുചാടി. എന്നാൽ, കാർ ഡ്രൈവർക്ക് പുറത്തിറങ്ങാനായില്ല. അഗ്നി രക്ഷാ സേനയെത്തുമ്പോഴേക്കും കാറും ലോറിയും പൂർണമായി കത്തിനശിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ബേഗൂർ പൊലീസ് കേസെടുത്തു.

