കാവേരി ജലവിതരണ പദ്ധതി; അഞ്ചാംഘട്ടം ഉദ്ഘാടനം നാളെ
text_fieldsശ്രീരംഗപട്ടണത്തെ കെ.ആർ.എസ് അണക്കെട്ട്
ബംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ അഞ്ചാംഘട്ടം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ബി.ബി.എം.പി പരിധിയിലെ 110 ഗ്രാമങ്ങളിൽക്കൂടി കാവേരി വെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി.
ബംഗളൂരുവിൽ 775 എം.എൽ.ഡി വെള്ളം അധികമായി ലഭിക്കുന്നതോടെ 50 ലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 4,336 കോടി രൂപയുടെ പദ്ധതിയാണ് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) നടപ്പാക്കുന്നത്. ജപ്പാൻ ഇന്റർനാഷനൽ കോഓപറേഷൻ ഏജൻസിയാണ് പദ്ധതിയുടെ പ്രധാന ഫണ്ട് സ്രോതസ്സ്.
2014ലായിരുന്നു പദ്ധതിയുടെ ശിലാസ്ഥാപനം. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുക്കും. ടി.കെ. ഹള്ളി ശുദ്ധീകരണ പ്ലാന്റ് മുതൽ ബംഗളൂരുവരെയുള്ള 70 കിലോമീറ്ററിലെ പണികൾ അടുത്തിടെയാണ് പൂർത്തിയായത്. മഹാദേവപുര, രാജരാജേശ്വരിനഗർ, ബൊമ്മനഹള്ളി, ദാസറഹള്ളി, യെലഹങ്ക, കെ.ആർ. പുരം, ബൈട്ടരായനപുര എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കൂടുതൽ വെള്ളം ലഭിക്കും. കോവിഡ് കാലത്താണ് ടി.കെ. ഹള്ളിയിൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്.

