ചെക്ക് കേസിൽ നടി പത്മജ റാവുവിന് മൂന്നുമാസം തടവ്; 40.20 ലക്ഷം പിഴ
text_fieldsപത്മജ റാവു
മംഗളൂരു: അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയ കേസിൽ സിനിമ, ടെലിവിഷൻ നടി പത്മജ റാവുവിന് മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) മൂന്ന് മാസം വെറും തടവും 40.20 ലക്ഷം രൂപ പിഴയും വിധിച്ചു. മംഗളൂരുവിലെ തുളു സിനിമ സംവിധായകൻ വീരേന്ദ്ര ഷെട്ടി കാവൂർ നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഐ.സി.ഐ.സി.ഐ ബാങ്ക് ബനശങ്കരി ശാഖയിലെ അക്കൗണ്ടിന്റെ ചെക്കാണ് മടങ്ങിയത്. 2020 ജൂൺ 17ന് മംഗളൂരു വീരു ടാക്കീസ് ഉടമ കൂടിയായ ഷെട്ടിയിൽനിന്ന് 40 ലക്ഷം രൂപയാണ് നടി കടമായി വാങ്ങിയതെന്നാണ് പരാതി. ലക്ഷം രൂപ പണമായി തിരിച്ചുനൽകി ബാക്കി തുകക്ക് ചെക്ക് കൈമാറുകയായിരുന്നു. ചെക്ക് മടങ്ങിയതിനെതിരെ നൽകിയ പരാതി വ്യാജമാണെന്നാണ് നടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഷെട്ടി ചെക്ക് ലീഫ് തട്ടിയെടുത്ത് നടിയുടെ വ്യാജ ഒപ്പിട്ടതാണെന്നും പറഞ്ഞു. എന്നാൽ, ഇത് തെളിയിക്കുന്നതിൽ നടി പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് ജസ്റ്റിസ് പി.എ. പവാസ് വിധി പ്രസ്താവിച്ചത്. 40.17 ലക്ഷം പരാതിക്കാരനും 3000 രൂപ കോടതി ചെലവായുമാണ് അടക്കേണ്ടത്.

