ക്രിസ്മസ്-പുതുവത്സരം: 37 കേരള ബസുകളുമായി കർണാടക ആർ.ടി.സി
text_fieldsബംഗളൂരു: ക്രിസ്മസ്- പുതുവത്സര അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി കേരളത്തിലേക്ക് 37 പ്രത്യേക സർവിസുകൾ നടത്തും. ഡിസംബർ 21, 22, 23, 24 തീയതികളിലാണിവ. എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവിസുകളുണ്ടാകും. നാലു ദിവസങ്ങളിലായി എറണാകുളത്തേക്ക് മാത്രം 13 പ്രത്യേക ബസുകളുണ്ട്. കോട്ടയത്തേക്ക് നാലും കോഴിക്കോട്ടേക്ക് മൂന്നും തൃശൂരിലേക്ക് പത്തും സർവിസുകളുണ്ട്. ഈ ബസുകളിലെ റിസർവേഷൻ ആരംഭിച്ചു.
അവധിയോടനുബന്ധിച്ച് യാത്രാതിരക്ക് കൂടുതലായതിനാൽ ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു. വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. നാലോ അതിലധികമോ യാത്രക്കാർ ഒന്നിച്ച് ടിക്കറ്റ് ബുക്ക്ചെയ്താൽ നിരക്കിൽ അഞ്ചുശതമാനം ഇളവുണ്ട്. രണ്ടുവശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ച് ബുക്കുചെയ്താൽ തിരിച്ചുള്ള യാത്രക്ക് പത്തുശതമാനം ഇളവും ഉണ്ട്.

