സഹകരണ ബാങ്ക് കവർച്ചക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsമംഗളൂരു: കോട്ടേക്കർ സഹകരണ ബാങ്ക് കെ.സി റോഡ് ശാഖയിൽ കവർച്ച നടത്തിയ കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നടത്തിയ പൊലീസ് ഓപറേഷനിൽ പത്മനേരി ഗ്രാമവാസിയായ മുരുകണ്ടി തേവർ (36), മുംബൈ ഗോപിനാഥ് ചൗക്കിൽ താമസിക്കുന്ന യോസുവ രാജേന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും തമിഴ്നാട്ടിലെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് പ്രകാരം മംഗളൂരുവിൽ എത്തിച്ചു.
കവർച്ച ചെയ്ത സ്വർണത്തിൽ കുറച്ചു ഭാഗം ഇവരിൽനിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫിയറ്റ് കാർ, രണ്ട് പിസ്റ്റളുകൾ, നാല് ലൈവ് ബുള്ളറ്റുകൾ, മൂന്നു ലക്ഷം രൂപ, രണ്ട് കിലോ സ്വർണം എന്നിവ പൊലീസ് ഇതിനകം കണ്ടെടുത്തു. ഏകദേശം 18-19 കിലോഗ്രാം സ്വർണം മോഷണം പോയെന്നാണ് കണക്ക്.

