കർണാടക ആർ.ടി.സി ആഗോള അവാർഡ് നിറവിൽ
text_fieldsഅവാർഡ്ദാന ചടങ്ങിൽനിന്ന്
ബംഗളൂരു: രാജ്യത്തെ സംസ്ഥാന റോഡ് ഗതാഗതരംഗത്ത് സുപ്രധാന സ്ഥാനം നേടിയ കെ.എസ്.ആർ.ടി.സി ആഗോള അവാർഡ് നിറവിൽ. അഞ്ച് ആഗോള അവാർഡുകൾക്കൊപ്പം കോർപറേഷന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ടി.എസ്. ലതക്ക് ഗ്ലോബൽ വുമൺ ലീഡർ അവാർഡും ലഭിച്ചു, ഇതോടെ എട്ട് മാസത്തിനിടെ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷൻ നേടുന്ന അവാർഡുകളുടെ എണ്ണം ആറായി.
പുതിയ സംരംഭങ്ങൾ, പുതിയ ഇനം ബസുകളുടെ പരീക്ഷണ വിജയം എന്നിവയിലൂടെയാണ് കോർപറേഷൻ ലോകോത്തര കീർത്തി കിരീടം ചൂടുന്നത്.വേൾഡ് മാനുഫാക്ചറിങ് കോൺഗ്രസിൽനിന്നും വേൾഡ് മാർക്കറ്റിങ് കോൺഗ്രസിൽനിന്നുമാണ് അഞ്ച് അവാർഡുകൾ ലഭിച്ചത്. ഹോട്ടൽ താജ് ലാൻഡ്സ് എൻഡിൽ നടന്ന ചടങ്ങിൽ ടി.എസ്. ലതക്ക് അവാർഡ് കൈമാറി. അമേരിക്കയിലെ നീന ഇ അഡ്ഡർ അസോസിയേറ്റ്സ് പ്രസിഡന്റ് നീന ഇ അഡ്ഡറും ദുബൈ ഓസോൺ ഗ്രൂപ് സ്ഥാപക ഡോ. ഒവിലിയ ഫെർണാണ്ടസും അവാർഡ് ദാനം നിർവഹിച്ചു.

