മഹാഗണപതി ശോഭായാത്രയിൽ ഗോദ്സെ, സവർക്കർ പോസ്റ്ററുകൾ ഉയർത്തി നൃത്തം
text_fieldsമംഗളൂരു: ചിത്രദുർഗ നഗരത്തിൽ മഹാഗണപതി ശോഭായാത്രയിൽ യുവാക്കൾ മഹാത്മാഗാന്ധി ഘാതകൻ നാഥൂറാം വിനായക് ഗോദ്സെ, ആർ.എസ്.എസ് ആചാര്യൻ വീർ സവർക്കർ, കൊല്ലപ്പെട്ട സംഘ്പരിവാർ പ്രവർത്തകരായ ശരത് മഡിവൽ, ഹർഷ എന്നിവരുടെ പോസ്റ്ററുകൾ ഉയർത്തി നൃത്തം ചെയ്തത് വിവാദത്തിൽ. ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി ജനങ്ങൾക്കിടയിൽ വിദ്വേഷവും ഭീതിയും സൃഷ്ടിച്ചതായി ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് പൊലീസ് ബുധനാഴ്ച വി.എച്ച്.പി ഭാരവാഹികൾക്ക് എതിരെ കേസെടുത്തത്. ചിത്രദുർഗ ജോഗിമട്ടി റോഡിലെ ഹനുമന്തപ്പ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിജെ മ്യൂസിക് ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് വിശ്വഹിന്ദു പരിഷത്ത് ശോഭായാത്ര സംഘടിപ്പിച്ചത്.

