സിദ്ധരാമയ്യയുടെ കോലത്തിൽ ചെരിപ്പുമാല; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsയശ്പാൽ
സുവർണ
മംഗളൂരു: പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കോലത്തിൽ ചെരിപ്പുമാല ചാർത്തിയ ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണക്കും മറ്റു ബി.ജെ.പി നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കർണാടകയിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയെ അവഹേളിച്ചതിനെതിരെ എൻ.എസ്.യു.ഐ ഉഡുപ്പി ജില്ല പ്രസിഡന്റ് സൗരഭ് ബല്ലാളാണ് പരാതി നൽകിയത്. ഗിരീഷ് അഞ്ചൻ, പൃഥ്വിരാജ് ഷെട്ടി ബില്ലാഡി, പ്രഭാകർ പൂജാരി, അഭിരാജ് സുവർണ, വിജയ് കോഡവൂർ, ബാലകൃഷ്ണ ഷെട്ടി, അജിത് മൽപെ, വീണ ഷെട്ടി, വിഖ്യാത് ഷെട്ടി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിൽ നടന്ന പ്രതിഷേധത്തിനിടെ അഞ്ചനും ബില്ലാഡിയും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ മുഖമായി നൽകിയ കോലത്തിൽ ചെരിപ്പുമാല അണിയിച്ചതെന്ന് മണിപ്പാൽ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എം.എൽ.എയുടെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്.

