കടബാധ്യത: മൈസൂരുവിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു
text_fieldsബംഗളൂരു: വായ്പ തിരിച്ചടക്കാനാവാതെ മൈസൂരുവിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു. ഹുൻസൂർ കർണകുപ്പെ വില്ലേജിലെ രാജ ഷെട്ടി (78), ഹുൻസൂർ ശനുബൊഗനഹള്ളി സ്വദേശി സുരേഷ് (58) എന്നിവരാണ് ജീവനൊടുക്കിയത്.രാജ ഷെട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലും സുരേഷിനെ കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അഞ്ചേക്കർ കൃഷിയിടമുള്ള രാജ ഷെട്ടി പുകയിലയും റാഗിയുമാണ് കൃഷി ചെയ്തിരുന്നത്. വിവിധ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, സ്വയം സഹായ ഗ്രൂപ്പുകൾ, സ്വകാര്യ പണമിടപാടുകാർ എന്നിവിടങ്ങളിലായി എട്ടുലക്ഷം രൂപ കടമുണ്ടായിരുന്നു.
ഇവ തിരിച്ചടക്കാൻ പറ്റാതായതോടെ കടുംകൈ ചെയ്തെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഹുൻസൂർ റൂറൽ പൊലീസ് കേസെടുത്തു. രണ്ട് ഏക്കർ കൃഷിയിടമുള്ള സുരേഷിന് വിവിധ ബാങ്കുകളിലായി ഏഴു ലക്ഷത്തിന്റെ കടമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വിളനഷ്ടം സംഭവിച്ചതോടെ വായ്പ തിരിച്ചടക്കാനായില്ല. ഇതോടെ കാർഷികാവശ്യത്തിന് കൊണ്ടുവന്ന കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ബിലികരെ പൊലീസ് കേസെടുത്തു.

